കാറിടിച്ച് ഒന്‍പതുവയസുകാരി കോമയിലായ സംഭവം; പ്രതി പിടിയിൽ
Monday, February 10, 2025 10:21 AM IST
കോഴിക്കോട്: വടകരയില്‍ വാഹനം ഇടിച്ച് സ്ത്രീ മരിക്കുകയും കൊച്ചുമകളായ ഒന്‍പതുവയസുകാരി അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. പുറമേരി സ്വദേശി ഷജീല്‍ ആണ് പിടിയിലായത്.
യുഎഇയിലായിരുന്ന ഷജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷജീലിനെ വടകര പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
ഇയാള്‍ക്കായി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജ തെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കല്‍ എന്നീ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ചോറോട് വച്ചാണ് സംഭവം. ഷജീല്‍ ഓടിച്ച കാര്‍ ദൃഷാന എന്ന ഒന്പതുവയസുകാരിയുടെയും മുത്തശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ബന്ധുവീട്ടിലേക്ക് പോകാനായി ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുവരെയും കാര്‍ ഇടിച്ചുവീഴ്ത്തിയത്.
കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റ മകളാണ് ദൃഷാന. അപകടം നടന്നശേഷം പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടാതിരുന്നതോടെ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം വീണ്ടും ഊര്‍ജിതമായത്. അപകടം നടന്ന് ഒന്‍പതുമാസത്തിന് ശേഷമായിരുന്നു ഇടിച്ച കാറും ഉടമയേയും തിരിച്ചറിഞ്ഞത്.