മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രി ഉടൻ; ചർച്ചകളിലേക്ക് കടന്ന് ബിജെപി
Monday, February 10, 2025 7:50 AM IST
ഇംഫാൽ: മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് ബിജെപി. വൈ. ഖേചന്ദ് സിംഗ്, ടി. ബിശ്വജിത് സിംഗ് എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിൽ ഉണ്ട്. സ്പീക്കർ സത്യബ്രത സിംഗിനും സാധ്യതയുണ്ടെന്നാണ് സൂചന.
സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ചകൾ ആരംഭിച്ചു. ഇന്നലെയാണ് മണിപ്പുർ മുഖ്യമന്ത്രി ബിരേൺ സിംഗ് രാജിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേൺ സിംഗ് രാജിവച്ചത്.
കോൺഗ്രസ് നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ബിരേൺ സിംഗ് രാജിവച്ചത്. ഗവർണർ അജയ് കുമാർ ബല്ലയെ കണ്ട് ബിരേൺ സിംഗ് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിക്കൊപ്പം മണിപ്പുരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു.
മണിപ്പുർ കലാപത്തിനിടെ നേരത്തെ തന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യം ശക്തമായി ഉയർന്നിരുന്നെങ്കിലും അത്തരത്തിലൊരു തീരുമാനത്തിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയിരുന്നില്ല.