ഫ്രാൻസ് - അമേരിക്ക സന്ദർശനം: നരേന്ദ്ര മോദി ഇന്ന് പുറപ്പെടും
Monday, February 10, 2025 3:20 AM IST
ന്യൂഡൽഹി: ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്ര തിരിക്കും. ഇന്ന് വൈകുന്നേരം ഫ്രാൻസിൽ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
ചൊവ്വാഴ്ച നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവഹിക്കും.
ബുധനാഴ്ച അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി.
ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ കൈവിലങ്ങും കാൽചങ്ങലയും ഇട്ട് നാടുകടത്തിയതിലുള്ള ആശങ്ക മോദി ട്രംപിനെ അറിയിച്ചേക്കും.