ലഹരിമരുന്ന് കടത്ത്; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ
Sunday, February 9, 2025 12:08 PM IST
തൃശൂര്‍: വാഹനത്തില്‍ ലഹരമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കയ്പമംഗലം മതിലകത്ത് വീട്ടില്‍ ഫരീദ്(25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരന്‍ വീട്ടില്‍ സാബിത്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോള്‍ റിയര്‍ വ്യൂ മിററിന്റെ ഉള്ളില്‍ കടലാസില്‍ പൊതിഞ്ഞു സീപ് ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
പ്രതികളില്‍ ഒരാളായ സാബിതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ബംഗുളൂരുവില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസിന്റെ മറവില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേനയാണ് എഡിഎംഎ എത്തിക്കുന്നത്.
ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരിമരുന്ന് വില്പന നടത്തിയതെന്നും എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികള്‍ക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ആ. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി. കെ. രാജു, ഡിവൈഎസ്പി ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കയ്പമംഗലം പോലിസ് സ്റ്റേഷന് ഐഎസ്എച്ചഒ ബിജു കെ.ആര്, എഎസ്ഐ സൂരജ്, എസ്ഐ ഷൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.