രഞ്ജി ക്വാര്‍ട്ടര്‍: ഹരിയാനയ്ക്കെതിരേ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച, ആറുവിക്കറ്റ് നഷ്ടം
Saturday, February 8, 2025 12:19 PM IST
കോൽക്കത്ത: രഞ്ജി ട്രോഫി മൂന്നാം ക്വാര്‍ട്ടറില്‍ ഹരിയാനയ്ക്കെതിരേ നിലവിലെ ചാമ്പ്യൻമാരായ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്.
12 റൺസുമായി ഷംസ് മുലാനിയും ആറു റൺസുമായി ശാർദുൽ താക്കൂറുമാണ് ക്രീസിൽ. ആയുഷ് മഹാത്രെ (പൂജ്യം), ആകാശ് ആനന്ദ് (10), സിദ്ദേശ് ലാഡ് (നാല്), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (31), സൂര്യകുമാര്‍ യാദവ് (ഒമ്പത്), ശിവം ദുബെ (28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.
ഒരു ഘട്ടത്തിൽ നാലിന് 25 റൺസെന്ന നിലയിലായിരുന്ന മുംബൈയെ ശിവം ദുബെയ്ക്കും ഷംസ് മുലാനിക്കുമൊപ്പം ചേർന്ന് നായകൻ അജിങ്ക്യ രഹാനെ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് നൂറിനരികെ എത്തിച്ചത്.
ഹരിയാനക്കായി അന്‍ഷുല്‍ കാംബോജ് 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സുമിത് കുമാര്‍ രണ്ടും എ.കെ. ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി.