അമേരിക്കയിൽ കാണാതായ വിമാനം കടലിൽ തകർന്ന നിലയിൽ; 10 പേർ മരിച്ചു
Saturday, February 8, 2025 12:18 PM IST
വാഷിംഗ്ടൺ ഡിസി: അലാസ്കയിൽ നിന്ന് കാണാതായ അമേരിക്കൻ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. കടൽ മഞ്ഞുപാളികളിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചതായി അധികൃതർ അറിയിച്ചു.
ഒന്‍പത് യാത്രക്കാരും പൈലറ്റുമാണ് മരിച്ചത്. ബെറിംഗ് എയർ സർവീസിന്റെ സെസ്ന 208ബി ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം നാലോടെ കാണാതായത്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോകുന്നതിനിടെ അലാസ്കയിൽ വച്ച് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.
പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിലാണ് പൈലറ്റിന് ഉദ്യോഗസ്ഥരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. നോമിന്റെ തീരത്ത് ടോപ്കോക്കിനു സമീപത്തുവച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
നോമിൽ നിന്ന് ഏകദേശം 34 മൈൽ (54 കിലോമീറ്റർ) തെക്കുകിഴക്കായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.