"താമര'ത്തേരില്‍ തലസ്ഥാനം, കെട്ടഴിഞ്ഞ് "ചൂല്,' "കൈ'മലര്‍ത്തി ജനം
Saturday, February 8, 2025 11:30 AM IST
ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്. ആദ്യഘട്ടം മുതല്‍ എഎപിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. ഇടയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന പ്രതീതീ സൃഷ്ടിക്കാന്‍ എഎപിക്ക് കഴിഞ്ഞെങ്കിലും അതിവേഗം ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
ആകെ 70 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 42 സീറ്റുകളിൽ ബിജെപിയും 28 സീറ്റുകളിൽ എഎപിയുമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് നേടാനായില്ല. ആദ്യഘട്ടം മുതൽ ഒരു സീറ്റിൽ ലീഡ് നിലനിർത്തിയെങ്കിലും വോട്ടെണ്ണൽ അവസാനമിനിറ്റുകളിലേക്ക് നീങ്ങിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി മാറുകയായിരുന്നു.
കേജരിവാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് എഎപിയുടെ കോട്ട തകര്‍ത്തുകൊണ്ടാണ് ഡൽഹിയിൽ ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്. അഴിമതി വിരുദ്ധ പോരാളിയെന്ന കേജരിവാളിന്റെ ശക്തമായ പ്രതിച്ഛായ തുടച്ചുനീക്കിക്കൊണ്ടുള്ള പ്രചാരണത്തിനാണ് ബിജെപി ഊന്നല്‍ കൊടുത്തത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മര്‍ലേനയും മുന്‍ മന്ത്രി മനീഷ് സിസോദിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ ആദ്യഘട്ടം മുതല്‍ പിന്നിലേക്ക് പോയതും ഇതിന്റെ പ്രതിഫലനമാണ്.
അതേസമയം ബാദ്ലിയിൽ മാത്രമായിരുന്നു ആദ്യഘട്ടത്തിലെങ്കിലും കോണ്‍ഗ്രസിന് ലീഡുണ്ടായിരുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ദേവേന്ദർ യാദവായിരുന്നു ബാദ്ലിയിൽ നിന്ന് ജനവിധി തേടിയത്. എന്നാൽ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ബിജെപിയുടെ ആഹിർ ദീപക് ചൗധരി ലീഡ് നേടുകയായിരുന്നു.