ഡൽഹിയിൽ ഇന്ന് നിർണായകം; കനത്ത സുരക്ഷയിൽ ദേശീയ തലസ്ഥാനം
Saturday, February 8, 2025 6:24 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് സുരക്ഷശക്തമാക്കി. ഡൽഹിയിലുടനീളം 19 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ കേന്ദ്രത്തിലേക്കും എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ടെന്നും സ്പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് (സിപി), സ്റ്റേറ്റ് പോലീസ് നോഡൽ ഓഫീസർ (എസ്പിഎൻഒ) ദേവേഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു.
ഡൽഹിയിൽ 19 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രത്തിന്റെയും ചുമതലയ്ക്ക് എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ട്. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 38 കമ്പനി സിഎപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർഥികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ലോക്കൽ പോലീസ് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.
സ്ട്രോംഗ് റൂമും കൗണ്ടിംഗ് ഹാളും അടങ്ങുന്ന അതിസുരക്ഷാ ക്രമീകരണം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, സെൻട്രൽ ആം പോലീസ് ഫോഴ്സ് സുരക്ഷ ഒരുക്കും. ലോക്കൽ പോലീസ് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരവും പ്രവേശന പോയിന്റും സുരക്ഷിതമാക്കും.
ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും 100 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിക്കും. കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം അംഗീകൃത വ്യക്തികളെ മാത്രം പ്രവേശിക്കാൻ അനുവദിക്കും.
എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ ബാഗേജ് സ്കാനറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും സെൻട്രൽ ആം പോലീസ് ഫോഴ്സിന്റെ രണ്ട് കമ്പനികളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.