ഡൽഹിയിൽ അഞ്ച് വയസുകാരിയെ വിദേശവിദ്യാർഥി പീഡിപ്പിച്ചു
Saturday, February 8, 2025 4:35 AM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് ആണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ സംഭവം നടന്ന് അഞ്ച് മാസമായിട്ടും പോലീസ് പ്രതിയെ പിടികൂടിയില്ല. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച സ്കൂളിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നും ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 75(2), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരം സെപ്റ്റംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്തംബർ 16 ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം സ്കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും തുടർന്ന് സെപ്തംബർ 18ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.