കുട്ടി അപകടത്തിൽപ്പെട്ടയിടം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തത്; മൂന്നു വയസുകാരന്റെ മരണത്തിൽ വിശദീകരണവുമായി സിയാൽ
Friday, February 7, 2025 10:24 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി സിയാൽ. ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്നാ സാറ കഫേയുടെ പിൻഭാഗത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായതെന്ന് സിയാൽ വ്യക്തമാക്കി.
ഒരു വശം കെട്ടിടവും മറ്റ് മൂന്ന് വശം ബൊഗെയ്ൻ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്. കഫേയിലെത്തിയ സംഘത്തിലെ കുട്ടിയെ കാണാനില്ലെന്ന വിവരം ഏറെ വൈകിയാണ് അറിഞ്ഞത്.
തുടർന്ന് സിസിടിവി പരിശോധിച്ചപ്പോളാണ് കുട്ടി മലിന്യ കുഴിയിൽ വീണതായി കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സിയാൽ വ്യക്തമാക്കി.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തുടർ നടപടികൾക്ക് കുടുംബത്തോടൊപ്പം നിൽക്കുമെന്നും സിയാൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി.