പാതി വില തട്ടിപ്പ്; 46 ലക്ഷം രൂപ ലാലി വിന്‍സെന്റ് കൈപറ്റി
Friday, February 7, 2025 8:16 PM IST
ഇടുക്കി: പാതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ലാലി വിന്‍സെന്റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയിരുന്നു. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി രൂപ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്മാൻ ആനന്തകുമാറിന് കൈമാറിയെന്നും കണ്ടെത്തി.
അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പോലീസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും കിട്ടിയെന്ന് പോലീസ് അറിയിച്ചു.
മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിന്‍വലിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.