കെഎസ്ആർടിസി: 735 ജീവനക്കാരുടെ വിരമിക്കൽ പട്ടിക തയാറാക്കി
പ്രദീപ് ചാത്തന്നൂർ
Friday, February 7, 2025 7:44 PM IST
ചാത്തന്നൂർ: കെഎസ്ആർടിസി അടുത്ത സാമ്പത്തിക വർഷം വിരമിക്കേണ്ട 735 ജീവനക്കാരുടെ അന്തിമ പട്ടിക തയാറാക്കി. ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് വരെ വിരമിക്കുന്ന ജീവനക്കാരുടെ പട്ടികയാണ് തയാറാക്കി പരിശോധനയ്ക്കായി യൂണിറ്റുകളിലേക്ക് അയച്ചിട്ടുള്ളത്.
വിരമിക്കുന്ന ജീവനക്കാരിൽ ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഡ്രൈവർ, കണ്ടക്ടർമാരാണ് ഏറ്റവുമധികം. ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട 500-ലധികം ജീവനക്കാരുണ്ട് വിരമിക്കൽ പട്ടികയിൽ. എടിഒ, ഡിപ്പോ എൻജിനിയർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് വർക്സ് മാനേജർ, ഇൻസ്പെക്ടർ, മെക്കാനിക് തുടങ്ങിയ തസ്തികയിലുള്ളവരും വിരമിക്കൽ പട്ടികയിലുണ്ട്.
ഓരോ വർഷം കഴിയുന്തോറും കെഎസ്ആർടിസിയിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരികയാണ്. 2016-ൽ 36,000 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 42,000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ സ്ഥിരം ജീവനക്കാർ 22,000 ത്തോളമാണ്. ജീവനക്കാർക്കൊപ്പം ബസുകളുടെയും എണ്ണവും കെഎസ്ആർടിസിയിൽ കുറഞ്ഞുവരികയാണ്.