ബജറ്റിലുള്ളത് പൊള്ളയായ വാഗ്ദാനങ്ങൾ: രമേശ് ചെന്നിത്തല
Friday, February 7, 2025 5:47 PM IST
തിരുവനന്തപുരം: ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ബജറ്റിലുള്ളത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ്. കേരളത്തിന്റെ സമഗ്രപുരോഗതിക്കോ വളര്‍ച്ചയ്ക്കോ വഴിതെളിക്കുന്ന യാതൊന്നും ഇതിലില്ല.
സംസ്ഥാനത്തെ ക്ഷേമപെന്‍ഷനില്‍ വര്‍ധനവ് നല്‍കുമെന്ന് ജനങ്ങള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും ബജറ്റില്‍ പ്രഖ്യാപനമായി പോലും പറഞ്ഞിട്ടില്ല. അതിനു പകരം ഭൂനികുതിയിലടക്കം വര്‍ധന വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത് സംസ്ഥാനത്തെ നെറ്റ് സീറോ കാര്‍ബണ്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നികുതി കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ ഇതൊന്നും അവരുടെ കൈയിൽ കിട്ടാന്‍ പോകുന്നില്ല എന്നു മുന്കാലാനുഭവങ്ങള് വെച്ചിട്ട് അവര്‍ക്കു തന്നെ അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള ഒരു കര്‍മ്മപദ്ധതിയും ഈ ബജറ്റിലില്ല.കേരളത്തിന്റെ വളര്‍ച്ചാനിരക്കിനെ താഴോട്ടു കൊണ്ടുപോകുന്ന ഒന്നായിരിക്കും ഈ ബജറ്റ്.
ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളായ വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കു പരിഹാരം കാണാന്‍ ഈ ബജറ്റിന് സാധിക്കുന്നില്ല. ഇത് ജനവഞ്ചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.