കടബാധ്യതകള്‍ തീര്‍ക്കാനുള്ള നീക്കിയിരിപ്പ് പോലും ഇല്ല; യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റെന്ന് സതീശന്
Friday, February 7, 2025 12:25 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെയുള്ള പൊള്ളയായ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വലിയ കടബാധ്യതകള്‍ തീര്‍ക്കാനുള്ള നീക്കിയിരിപ്പ് പോലും ഈ ബജറ്റില്‍ ഇല്ലെന്ന് സതീശന് പ്രതികരിച്ചു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലും പട്ടികജാതിക്കാര്‍ക്കുള്ള പദ്ധതികളിലും വ്യാപകമായ കുറവുണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കി.
700 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് ബജറ്റില്‍ വകയിരുത്തിയെന്ന് പറയുന്നത്. എന്നാല്‍ അത്രയും തുക സപ്ലൈക്കോയ്ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ കടമായി കൊടുക്കാനുണ്ട്.
വിതരണക്കാര്‍ക്ക് കൊടുക്കാനുള്ളതും നെല്ല് സംഭരണത്തിന്റെ പണവുമാണിത്. ആ കടം തീര്‍ത്താല്‍ സപ്ലൈക്കോയ്ക്ക് പ്രവര്‍ത്തിക്കാനുള്ള മൂലധനം ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇങ്ങനെ വന്നാല്‍ സപ്ലൈക്കോ അടച്ച് പൂട്ടേണ്ടി വരും. ഒരു യാഥാര്‍ഥ്യ ബോധവുമില്ലാത്ത ബജറ്റാണിതെന്ന് സതീശന് പറഞ്ഞു.
ഭൂനികുതിയില്‍ വന്‍ കൊള്ളയാണ് ഉണ്ടായത്. ഇത് കുറച്ചൊക്കെ വര്‍ധിപ്പിക്കാം. എന്നാല്‍ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് നീതികേടാണെന്ന് സതീശന് വിമർശിച്ചു.
കൃത്യതയില്ലാത്ത ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. ബജറ്റില്‍ പല കാര്യങ്ങളും ആവര്‍ത്തിച്ചു. കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു ബജറ്റ് താന്‍ കേള്‍ക്കുന്നതെന്നും സതീശന് വിമർശനം ഉന്നയിച്ചു.