ക്ഷേമ പെൻഷൻ കൂട്ടാതെയും ഭൂനികുതി കുത്തനെ കൂട്ടിയും സംസ്ഥാന ബജറ്റ്
Friday, February 7, 2025 12:21 PM IST
തിരുവനന്തപുരം: ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന ബജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഭൂനികുതി കുത്തനെ കൂട്ടിയത്.
നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.
ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെ പ്രതീക്ഷയായിരുന്നു പെന്ഷന് തുകയും വർധിപ്പിക്കാതെയാണ് ബജറ്റ് പ്രഖ്യാപനം. പെന്‍ഷന്റെ മൂന്ന് ഗഡു കുടിശിക സമയബന്ധിതമായി നല്‍കുമെന്ന് മാത്രമാണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
2021ലെ ജൂണിലെ ബജറ്റിലാണ് അവസാനമായി ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ വില അനുസരിച്ചായിരിക്കും നികുതിയിൽ മാറ്റം വരുക.
ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ 15 വര്‍ഷത്തെ നികുതിയായി നിലവില്‍ ഈടാക്കുന്നത് അഞ്ച് ശതമാനം നികുതിയാണ്. വിലയുടെ അടിസ്ഥാനത്തില്‍ നികുതി പുനഃക്രമീകരിക്കും.
15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ എട്ട് ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ പത്ത് ശതമാനം നികുതിയും ഈടാക്കും. ഈ നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.
പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
* സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ കൂടി
* ജീവക്കാരുടെ ഡിഎ കുടിശികയുടെ രണ്ടു ഗഡു ഈവര്‍ഷം.
* സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈമാസം.
* പെന്ഷന് കുടിശികയുടെ രണ്ടു ഗഡുവും ഈവര്‍ഷം.
* വയനാടിന് 750 കോടി. ദുരന്ത ബാധിതര്‍ക്കു കൂടുതല്‍ ധനസഹായം.
* വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന.
* തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍.
* തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈവര്‍ഷം.
* അതിവേഗ റെയില്‍പാത അനിവാര്യം.
* തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല.
* ലോക കേരളാകേന്ദ്രം സ്ഥാപിക്കും.
* കെ-ഹോംസ് പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി.
* ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ ഈവർഷം പൂര്‍ത്തിയാക്കും.
* കണ്ണൂരില്‍ ഐടി പാർക്ക്.
* കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി.
* കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി.
* ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും.
* കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐടി പാര്‍ക്ക്.
* ഡെസ്റ്റിനേഷന്‍ ടൂറിസ് സെന്ററുകള്‍ ഒരുക്കും.
* ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നല്‍കും.
* വയോജന പരിചരണത്തിനായി 50 കോടി.
* ഡിജിറ്റല്‍ ശാസ്ത്ര പാര്ക്കിന് 212 കോടി.
* എഐ വികസനത്തിന് 10 കോടി.
* കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി.
* സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി.
* സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകൾ, ചെറുവിമാനത്താവളം എന്നിവയ്ക്ക് 20 കോടി.
* വൈക്കം സത്യഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി.
* ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജിന് 130 കോടി.
* മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാൻ 48.85 കോടി.
* കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി.
* കാസര്‍ഗോഡ് മൈലാട്ടിയില്‍ ബാറ്ററി എനര്‍ജി സോളാര്‍ സിസ്റ്റം
* കെഎസ്ആര്‍ടിസിക്ക് 178.96 കോടി.
* പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി.