അവധിയെടുക്കുന്നതിനെ ചൊല്ലി തർക്കം: ബംഗാളിൽ സർക്കാർ ജീവനക്കാർ തമ്മിൽ തർക്കം; കത്തിക്കുത്ത്
Friday, February 7, 2025 12:45 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ഓഫീസിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരൻ സഹപ്രവർത്തകരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു.
ന്യൂടൗൺ ഏരിയയിലെ കരിഗോരി ഭവനിലാണ് സംഭവം. ആക്രമണം നടത്തിയ സർക്കാർ ജീവനക്കാരനായ അസിത് സർക്കാരിനെ ടെക്നോ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂരിലെ ഗോലയിൽ താമസിക്കുന്ന അസിത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ, അവധിയെടുക്കുന്നതിനെച്ചൊല്ലി സഹപ്രവർത്തകരുമായി തർക്കമുണ്ടായതിനെത്തുടർന്ന്, ഇയാൾ കത്തിയാക്രമണം നടത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അസിതിനെ പോലീസ് പിടികൂടി. ജയ്ദേബ് ചക്രവർത്തി, സന്തുനു സാഹ, സാർഥ ലേറ്റ്, ഷെയ്ഖ് സതാബുൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.