നാഗ്പുർ ഏകദിനം: ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ
Thursday, February 6, 2025 8:48 PM IST
നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിനാണ് രോഹിതും സംഘവും വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 68 പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
87 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ശ്രേയസ് അയ്യർ 59 ഉം അക്സർ പട്ടേൽ 52ഉം റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മാഹ്മൂദും ആദിൽ റഷീദും രണ്ട് വീതം എടുത്തു. ജോഫ്ര ആർച്ചറും ജേക്കബ് ബേതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.നായകൻ ജോസ് ബട്ട്ലറുടേയും ജേക്കബ് ബെതലിന്റെയും ഫിലിപ് സാൾട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ നേടിയത്. ബട്ട്ലറും ബെതലും അർധ സെഞ്ചുറി നേടി. 52 റൺസാണ് ഇംഗ്ലീഷ് നായകൻ എടുത്തത്. ബെതൽ 51 റൺസും സ്കോർ ചെയ്തു.
26 പന്തിൽ 43 റൺസെടുത്ത ഫിലിപ് സാൾട്ടിന്റെയും 32 റൺസെടുത്ത ഡക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും രവിന്ദ്ര ജഡേജയും മൂന്ന് വീക്കറ്റ് വീതം എടുത്തു. മുഹമ്മദ് ഷമിയും അക്സർ പട്ടേലും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരന്പരയിൽ ഇന്ത്യ 1:0 ത്തിന് മുന്നിലെത്തി. ഞായറാഴ്ച കട്ടക്കിലാണ് രണ്ടാം മത്സരം.