പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ വിവരങ്ങള്‍ ശേഖരിച്ച് ഇഡി
Thursday, February 6, 2025 5:25 PM IST
കൊച്ചി: സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 1000 കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പായതിനാലും ഭാവിയില്‍ കേസന്വേഷണം ഇഡിക്ക് കൈമാറിയേക്കാമെന്നതിന്റെയും അടിസ്ഥാനത്തിലാണ് വിവര ശേഖരണം നടത്തിയത്.
സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് അനന്തു കൃഷ്ണന് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്തൊന്നും ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇഡി ഇയാളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നത്.
പണം വിദേശത്തേക്ക് കടത്തിയോ?
പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത സമയത്ത് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ആ സമയം അക്കൗണ്ടില്‍ നാലു കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും വലിയ തട്ടിപ്പു നടത്തിയയാള്‍ ആ പണം എന്തിനായി ചെലവഴിച്ചുവെന്ന ചോദ്യം ഇപ്പോഴും പോലീസിനെ കുഴയ്ക്കുകയാണ്.
തട്ടിപ്പിലൂടെ അനന്തു കൃഷ്ണന് സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ ഇയാള്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് കിട്ടി.
19 ബാങ്ക് അക്കൗണ്ടുകൾ
പ്രതി അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിലൂടെ 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ടു കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂമി വാങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം.
അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സ്വത്തുക്കള്‍ കണ്ടുകെട്ടാൻ നടപടി
ഇയാള്‍ കഴിഞ്ഞ ആറു മാസത്തിനിടെ കാറുകള്‍ വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പോലീസ് സംശയിക്കുന്നത്.
ഇതില്‍ ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകള്‍ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുകയാണ്.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷണല്‍ കോ ഓർഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പോലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്.
അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തുകയായിരുന്നു.