യുഎസ് നാടുകടത്തലിൽ മുന്‍പും വിലങ്ങ് വയ്ക്കാറുണ്ടെന്ന് വിദേശകാര്യമന്ത്രി; വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം
Thursday, February 6, 2025 2:40 PM IST
ന്യൂഡൽഹി: ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസ് ചങ്ങലക്കിട്ട് തിരിച്ചയച്ച സംഭവത്തെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്ന് മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
അമേരിക്ക ഇന്ത്യയ്ക്കാരെ തിരിച്ചയയ്ക്കുന്നത് ഇതാദ്യമല്ല. നേരത്തേ കൊണ്ടുവന്നപ്പോഴും ഇതായിരുന്നു രീതി. ഇത്തരത്തിൽ തിരിച്ചയയ്ക്കുന്പോൾ മുമ്പും വിലങ്ങ് വയ്ക്കാറുണ്ട്.
നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല. ഇന്ത്യക്കാരോട് മോശം പെരുമാറ്റം പാടില്ലെന്ന് സർക്കാർ ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. വിലങ്ങിട്ടാണ് ഇവരെ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ അറിഞ്ഞിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികളെപ്പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
104 പേരെ തിരിച്ചയയ്ക്കുന്ന കാര്യം ഇന്ത്യയെ അറിയിച്ചിരുന്നെന്ന് മന്ത്രി മറുപടി പറഞ്ഞു. എന്നാല്‍ നാടുകടത്തപ്പെട്ട പലരും കോണ്‍സുലേറ്റിന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. 2014 മുമ്പ് 1000 ല്‍ അധികം പേരെ ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വിശദീകരണത്തിന് വ്യക്തത ഇല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം തുടർന്നതോടെ ഉച്ചകഴിഞ്ഞ് 3:30 വരെ രാജ്യസഭ നിർത്തിവച്ചു.