ഇന്ത്യൻ കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് തിരിച്ചയച്ച സംഭവം; പാർലമെന്റ് പ്രക്ഷുബ്ധം
Thursday, February 6, 2025 1:24 PM IST
ന്യൂഡൽഹി: ഇന്ത്യക്കാരെ അമേരിക്ക മനുഷ്യത്വ രഹിതമായി ചങ്ങലക്കിട്ട് നാടുകടത്തിയ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചു പ്രതിഷേധിച്ചു.
ലോക്സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങി ബഹളം വച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചു. വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
കൂടാതെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ച് കൊണ്ടുവരുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലും ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.
രാജ്യസഭ 12ന് ചേർന്നപ്പോഴും ഇതേവിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഇതോടെ വിദേശകാര്യമന്ത്രി ഉച്ചയ്ക്ക് രണ്ടിന് പ്രസ്താവനയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. കക്ഷി നേതാക്കൾക്ക് ഇക്കാര്യത്തിൽ സംസാരിക്കാൻ സമയം അനുവദിക്കാമെന്നും സർക്കാർ അറിയിച്ചു.
സർക്കാർ അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങിയെന്നാണ് പ്രതിപക്ഷ ആരോപണം. മെക്സികോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയിരുന്നില്ല.
വലിയ സാന്പത്തിക ശക്തിയെന്ന് അവകാശപ്പെടുന്ന ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഇതു ചെറുക്കാനായില്ല എന്ന ചോദ്യത്തിനാണ് പ്രതിപക്ഷം പാർലമെന്റിൽ വിശദീകരണം തേടുന്നത്.