മദ്യനിർമാണശാല വിവാദം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് സതീശൻ
Thursday, February 6, 2025 1:17 PM IST
തിരുവനന്തപുരം: മദ്യനിർമാണശാല വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണെന്ന് സതീശൻ ആവർത്തിച്ചു.
കന്റോണ്മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. സർക്കാരിന്റെ മദ്യനയം വരുന്നതിന് മുന്പേ ഒയാസിസ് കന്പനിയെ ക്ഷണിച്ചു. ഈ കന്പനിക്ക് വേണ്ടിയാണ് മദ്യനയം സർക്കാർ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഒയാസിസ് വന്നത് സർക്കാരിന്റെ ക്ഷണപ്രകാരമാണ്.
എന്ത് വൃത്തികേടും ചെയ്യുന്ന തരത്തിലേക്ക് പോലീസ് അധഃപതിച്ചു. വിവാഹസത്കാരത്തിൽ പോയി മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. എക്സൈസും പോലീസും നിർജീവമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാതിവില തട്ടിപ്പ് വിഷയത്തിൽ ലാലി വിൻസെന്റ് ലീഗൽ അഡ്വൈസർ മാത്രമാണ്. തന്നെയും അനന്തു കൃഷ്ണൻ സമീപിച്ചു. അതിന് പിന്നാലെ താൻ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.