പാതിവില തട്ടിപ്പ്: അനന്തുവിനെ കസ്റ്റഡിയിൽ വിട്ടു
Thursday, February 6, 2025 12:44 PM IST
തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനെ (26) കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസമാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പോലീസ് നല്കിയ കസ്റ്റഡി അപേക്ഷയിലാണ് മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
അതേസമയം പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി ആയിരം കോടി കടക്കും.
കുടുംബശ്രീ അംഗങ്ങൾ അടക്കമുള്ള സ്ത്രീകളെയാണ് വ്യാപകമായി തട്ടിപ്പിന് ഇരകളാക്കിയത്. നിലവിൽ ആയിരക്കണക്കിനു പരാതികളാണ് സംസ്ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകളിൽ എത്തിയിരിക്കുന്നത്.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടന്നത്. വാഗ്ദാനം ചെയ്ത വാഹനങ്ങളും മറ്റും കിട്ടാതെ വന്നതോടെയാണ് പരാതി ഉയർന്നത്.