സാന്പത്തിക തട്ടിപ്പ്: ശ്രീതുവിനെ വീണ്ടും ചോദ്യംചെയ്യും
Thursday, February 6, 2025 12:03 PM IST
തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ശ്രീതുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിന്റെ മാതാവാണ് ശ്രീതു. കൊലപാതകക്കേസിൽ സംശയനിഴലിലാണ് ശ്രീതു.
ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരിൽ നിന്നു സാന്പത്തികതട്ടിപ്പ് കേസിന്റെ കാര്യത്തിലും വ്യാജനിയമന കത്ത് തയാറാക്കാൻ സഹായിച്ചവരെക്കുറിച്ചും അറിയാനായി വീണ്ടും മൊഴിയെടുക്കും.
ശ്രീതു നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്തെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടൊയെന്ന് പോലീസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച മറ്റ് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ശ്രീതുവിന്റെ മകൾ ദേവേന്ദു കൊല്ലപ്പെട്ട കേസിൽ ഇവരുടെ സഹോദരൻ ഹരികുമാർ ജുഡീഷൽ കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യാനായി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മാനസിക ആരോഗ്യം ഇയാൾക്കുണ്ടോയെന്ന മാനസികാരോഗ്യ വിദഗ്ധരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കുറച്ച് ദിവസം മെഡിക്കൽ കോളജാശുപത്രിയിൽ പാർപ്പിച്ച് നിരീക്ഷണം നടത്തിയാൽ മാത്രമേ മാനസിക നില സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയുള്ളുവെന്ന് ഡോക്ടർ ജയിൽ അധികൃതരെ അറിയിച്ചിരുന്നു. ഹരികുമാർ പലപ്പോഴും പരസ്പരവിരുദ്ധമായാണ് പോലീസിനോട് മൊഴി നൽകുന്നത്. ആദ്യം കുറ്റം സമ്മതിച്ച ഹരികുമാർ കഴിഞ്ഞ ദിവസം കോടതിയിൽ വച്ച് മൊഴി മാറ്റിയിരുന്നു.
സാന്പത്തിക തട്ടിപ്പ് കേസിലും ദേവേന്ദുവിന്റെ മരണത്തിലും ശ്രീതുവിനെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം എട്ടാം തീയതി ശ്രീതുവിനെ ജുഡീഷൽ കസ്റ്റഡിയിൽ തിരികെ നൽകും. നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.