ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി
Thursday, February 6, 2025 11:59 AM IST
മുക്കം: മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശേരി കോടതിയിലാണ് കീഴടങ്ങിയത്.
കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് ബുധനാഴ്ച പിടിയിലായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ആലോചിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പോലീസ് വൈകാതെ പൂർത്തിയാക്കും.
വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചാടിയത്. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.