താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല; പിണറായി പഴയകഥ തന്നേക്കൊണ്ട് പറയിപ്പിക്കരുതെന്ന് സതീശന്
Thursday, February 6, 2025 11:30 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി വിവാദവുമായി ബന്ധപ്പെട്ട പിണറായിയുടെ പരിഹാസത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് സതീശന് പ്രതികരിച്ചു.
ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നത് പാര്‍ട്ടി ദേശീയ നേതൃത്വമാണ്. ഇക്കാര്യത്തില്‍ പിണറായിയുടെ തമാശ വേണ്ട. തന്നെക്കൊണ്ട് പഴയ കഥകള്‍ മുഖ്യമന്ത്രി പറയിപ്പിക്കരുത്.
മുഖ്യമന്ത്രി തമാശ പറഞ്ഞാല്‍ 2006ലെയും 2011ലെയും തമാശ താനും പറയേണ്ടി വരും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ക്ലാസ് വേണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗത പ്രസംഗകന് പറഞ്ഞപ്പോൾ അത് ആ പാര്‍ട്ടിയില്‍ വലിയ ബോംബ് ആയി മാറുമെന്നായിരുന്നു പിണറായിയുടെ കമന്റ്. ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യമാണ് സ്വാഗത പ്രസംഗകന് പറഞ്ഞത്.
ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാമല്ലോ?. അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂര്‍വം പറയാനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.