"സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന് ഗാസ അനിവാര്യം': ട്രംപിനെതിരേ യുഎൻ സെക്രട്ടറി ജനറൽ
Thursday, February 6, 2025 11:02 AM IST
ന്യൂയോർക്ക്: ഗാസ മുനന്പ് ഏറ്റെടുക്കുമെന്നും പലസ്തീനികൾ അവിടെനിന്ന് ഒഴിയണമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്രനിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് പറഞ്ഞു.
ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യം. പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോർക്കിലെ യുഎൻ യോഗത്തിൽ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
പലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് സ്ഥലംമാറ്റുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യയും വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. യുദ്ധത്തിൽ തകർന്ന ഗാസയെ ഏറ്റെടുക്കുമെന്നും പുനർനിർമിച്ച് മനോഹരമാക്കുമെന്നുമാണ് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞത്.