തിരുപ്പതി ക്ഷേത്രത്തിലെ 18 അഹിന്ദു ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി
Thursday, February 6, 2025 5:20 AM IST
ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനിലെ (ടിടിഡി) 18 അഹിന്ദു ജീവനക്കാർക്കെതിരെ നടപടി.
ക്ഷേത്രത്തിലെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇവരെയെല്ലാം വിലക്കുകയും ക്ഷേത്രവുമായി ബന്ധമില്ലാത്ത സ്ഥാനങ്ങളിലേക്ക് സ്ഥലംമാറാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു.
ക്ഷേത്രങ്ങളുടെ ആത്മീയ പവിത്രതയും മതപരമായ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ബോർഡ് അറിയിച്ചു. അഹിന്ദുക്കളായ ജീവനക്കാരെ സർക്കാർ വകുപ്പുകളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അവർ വോളണ്ടിയർ റിട്ടയർമെന്റ് സർവീസ് (വിആർഎസ്) എടുക്കുകയോവേണമെന്ന് ടിടിഡി ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു.
കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ പവിത്രതയെയും വികാരങ്ങളെയും വിശ്വാസങ്ങളെയും ബാധിക്കുന്ന "ഹിന്ദു ഇതര മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം ടിടിഡി നടത്തുന്ന ഹിന്ദു മതപരമായ മേളകൾ, ഉത്സവങ്ങൾ, ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്ന" 18 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവുകൾ പുറപ്പെടുവിച്ചു എന്നാണ് ടിടിഡി ബോർഡിന്റെ പ്രസ്താവനയിൽ പറയുന്നത്. തിരുമല ഹിന്ദു വിശ്വാസത്തിന്റെയും പവിത്രതയുടെയും ഭാഗമായാണ് തീരുമാനമെന്ന് ടിടിഡി ചെയർമാൻ ബിആർ നായിഡു നേരത്തെ പറഞ്ഞിരുന്നു.
ക്ഷേത്രത്തിലെ ജീവനക്കാർ വെങ്കിടേശ്വര ഭഗവാന്റെ ഫോട്ടോയുടെയോ വിഗ്രഹത്തിന്റെയോ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നും, ഹിന്ദു വിശ്വാസവും പാരമ്പര്യവും പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും ബോർഡ് അറിയിച്ചു.
18 ജീവനക്കാരുടെ നിലവിലെ നിയമനം പരിശോധിക്കാനും അവരെ തിരുമലയിലോ ഏതെങ്കിലും ക്ഷേത്രത്തിലോ മതപരമായ പരിപാടികളിലോ ബന്ധപ്പെട്ട ജോലികളിലോ തസ്തികകളിലോ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ടിടിഡിയിലെ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ഉത്തരവിൽ പറഞ്ഞു.
2024 നവംബർ19 നാണ് അഹിന്ദുക്കളായ ജീവനക്കാരെല്ലാം ജോലിയിൽ നിന്ന് വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യണമെന്ന വിവാദ തീരുമാനം ടിടിഡി ഏടുക്കുന്നത്. 7000ത്തോളം വരുന്ന സ്ഥിരം ജീവനക്കാരിലെ 300 പേരെയും പുതിയ നയം നേരിട്ട് ബാധിക്കും.
14,000 വരുന്ന കരാർ ജീവനക്കാർക്കും നിർദേശം ബാധകമാണ്. ജീവനക്കാരെ മാറ്റുന്നതിനോടൊപ്പം ക്ഷേത്രത്തിനകത്തും പുറത്തുമെല്ലാം ഹിന്ദുക്കളായ കച്ചവടക്കാർക്കു മാത്രമേ അനുമതി നൽകൂ എന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. അഹിന്ദുക്കളെ ക്ഷേത്രം ജീവനക്കാരായി നില നിർത്തുന്നതിനെക്കുറിച്ച് ഇനിയൊരു ചോദ്യം വേണ്ടെന്ന് ബി.ആർ. നായിഡു പറഞ്ഞിരുന്നു.
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലഡുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഈ നീക്കത്തിന്റെ കാരണം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡ്ഡു നിർമിക്കാനായി മൃഗക്കൊഴുപ്പു ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.