മലയോര സമര യാത്ര സമാപിച്ചു; സര്‍ക്കാര്‍ പ്രവർത്തിക്കുന്നത് മയക്കുവെടിയേറ്റതുപോലെ: വി.ഡി.സതീശന്
Wednesday, February 5, 2025 10:05 PM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിച്ച മലയോര സമര യാത്ര സമാപിച്ചു. തിരുവനന്തപുരം അമ്പൂരിയിൽ നടത്തിയ സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു.
കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ദ്രോഹിക്കുന്ന സര്‍ക്കാരിനു കർഷകർ മറുപടി നൽകുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. വനനിയമ ഭേദഗതി നിയമം പിന്‍വലിക്കാന്‍ സര്‍ക്കാരിനു തീരുമാനിക്കേണ്ടി വന്നത് യുഡിഎഫിന്റെ നേട്ടമാണെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നു വിജയിക്കുമെന്നും ദീപദാസ് മുന്‍ഷി വ്യക്തമാക്കി. കണ്ണൂരിൽ നിന്ന് ആരംഭിച്ച യാത്ര വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലെ മലയോര മേഖലകള്‍ പിന്നിട്ടാണു തിരുവനന്തപുരത്ത് എത്തിയത്.
വന്യമൃഗശല്യം തടയാന്‍ ആധുനിക മാര്‍ഗം സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. മയക്കുവെടി കൊണ്ടതു പോലെ ഇരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വന്യമൃഗശല്യം നേരിടാന്‍ ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവാക്കുന്നില്ലെന്നും വി.ഡി. സതീശന് പറഞ്ഞു. 4000 പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആര്‍ക്കും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറായില്ല. ബജറ്റില്‍ പണം അനുവദിക്കുകയോ വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. മൃഗസംരക്ഷണത്തെകുറിച്ച് മുഖ്യമന്ത്രിക്കോ വനംമന്ത്രിക്കോ ഒരു അറിവുമില്ല. കേന്ദ്രവന്യജീവി നിയമത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട് മയക്കു വെടി കൊണ്ടതു പോലെയാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പെരുമാറുന്നതെന്നും വി. ഡി. സതീശന് പറഞ്ഞു.