വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം
Wednesday, February 5, 2025 9:37 PM IST
കോഴിക്കോട്: പി.കെ.ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വടകരയിൽ വീണ്ടും വിമതരുടെ പ്രകടനം. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്.
നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. മണിയൂര്‍ പഞ്ചായത്തിലെ പാലയാട് കഴിഞ്ഞദിവസം അണികള്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അമ്പതോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.
തുറശ്ശേരി മുക്കില്നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടെ പാര്‍ട്ടി അംഗത്വം പുതുക്കലിനോടും പ്രവര്‍ത്തകര്‍ നിസഹകരിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്.
ദിവാകരനെ ഒഴിവാക്കിയതിനെതിരേ സംസ്ഥാന നേതൃത്വത്തിന് വടകര മേഖലയില്‍നിന്നും ജില്ലയുടെ മറ്റുഭാഗങ്ങളില്‍നിന്നും പരാതികള്‍ പ്രവഹിക്കുന്നുണ്ട്. കത്തായും ഇ- മെയിലായും വാട്സാപ്പ് സന്ദേശമായും ഒട്ടേറപ്പേര്‍ പരാതി അയച്ചിരുന്നു.
സംസ്ഥാനനേതാക്കളെ വിളിച്ചും ചിലര്‍ പ്രതിഷേധം അറിയിച്ചു. വടകരയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതില്‍ അതൃപ്തി രേഖപ്പെടുത്തിയും പി.കെ. ദിവാകരന് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു.
ഒഴിവാക്കാന്‍ മതിയായ കാരണങ്ങളല്ല ചൂണ്ടിക്കാട്ടിയതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വടകരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും ദിവാകരന് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇതിനുശേഷം നടന്ന ജില്ലാ സമ്മേളനത്തില്‍ ദിവാകരനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.