എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിൽ അതിക്രമിച്ചു കയറിയ സംഭവം; ഗവർണർ റിപ്പോർട്ട് തേടി
Tuesday, February 4, 2025 11:29 PM IST
തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലറുടെ ചേംബറിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടും കേരള സർവകലാശാല വിസിയോടുമാണ് ഗവർണർ വിശദീകരണം തേടിയത്.
സുരക്ഷാ വീഴ്ച അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നൽകാനാണ് കളക്ടർക്കു നൽകിയ നിർദേശം. അതേസമയം രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായ സാഹചര്യത്തിൽ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിനോടു വിശദീകരണം തേടി.
അച്ചടക്ക നടപടി കൈക്കൊള്ളാതിരിക്കാൻ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ വിശദീകരണം നൽകണമെന്നാണു മെമ്മോയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കനത്ത സുരക്ഷാ സംവിധാനം മറികടന്ന് എസ്എഫ്ഐക്കാർ വിസിയുടെ ചേംബറിൽ അതിക്രമിച്ച് കടന്നതെങ്ങനെയെന്ന് വിശദീകരിക്കണം.
അതിക്രമത്തിന്റെ ചിത്രങ്ങൾ വിസി ഗവർണർക്ക് കൈമാറി. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായി ചുമതലയേറ്റ ശേഷം സർവകലാശാല വിഷയത്തിൽ ആദ്യമായാണ് സംസ്ഥാന സർക്കാർ പ്രതിനിധിയോടു വിശദീകരണം തേടുന്നത്.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്തതിലും യൂണിയൻ രൂപീകരിക്കാൻ കഴിയാത്തതിലും പ്രതിഷേധിച്ച് എസ്എഫ്ഐക്കാർ കഴിഞ്ഞ മാസം 24 മുതൽ സമരം നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ രേഖകൾ സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടതിനാലണ് ഫലം വിജ്ഞാപനം ചെയ്യാനാവാത്തതെന്ന് വിസി ഹൈക്കോടതിയെ അറിയിച്ചു.