ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ്: കെ. സുരേന്ദ്രൻ
Tuesday, February 4, 2025 10:03 PM IST
കോഴിക്കോട്: ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര അവഗണനയല്ല കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് വന്ന ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപക രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റാണ്. കേന്ദ്രം കേരളത്തെ ബജറ്റിൽ കൈയ്യയച്ച് സഹായിച്ചിട്ടുണ്ട്.
യുപിഎ സർക്കാർ നൽകിയതിനേക്കാൾ സഹായം ബിജെപി സർക്കാർ നൽകിയിട്ടുണ്ട്. ബജറ്റിൽ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണ്. 10 വർഷത്തെ ചരിത്രം പരിശോധിച്ചാൽ 370 കോടി രൂപ ശരാശരി ഒരു വർഷം റെയിൽവേ വികസനത്തിന് കിട്ടിയിട്ടുണ്ട്.
ശബരി റെയിൽപാത യാഥാർഥ്യമാവാത്തതിൽ കേന്ദ്രത്തിന് വീഴ്ചയില്ല. സംസ്ഥാന സർക്കാരാണ് പദ്ധതിക്ക് തടസം. കേരളത്തിലെ എല്ലാ റെയിൽവെ പദ്ധതികൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരാണ് ഇതുമായി സഹകരിക്കാത്തതെന്നും കെസുരേന്ദ്രന് കുറ്റപ്പെടുത്തി.