ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ റവന്യൂ വകുപ്പിന് വീഴ്ച; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം
Tuesday, February 4, 2025 9:11 PM IST
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ റവന്യൂ വകുപ്പിന് വിമർശനം. ജില്ലയിൽ പട്ടയ വിതരണം അവതാളത്തിലാണെന്നും ഇതിന് ഉദ്യോഗസ്ഥരെ മാത്രം പഴിചാരി മുന്നോട്ടുപോകാൻ കഴിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
റവന്യൂ, വനം വകുപ്പുകൾ തമ്മിൽ ഐക്യമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുവെന്നും വിമർശനമുണ്ടായി. ഭൂ പതിവ് ചട്ട ഭേദഗതിയിൽ അന്തിമ തീരുമാനമാകാത്തത് വലിയ ആശങ്കയാണ്.
അണക്കെട്ടുകളോട് ചേർന്ന് കിടക്കുന്ന 10 ചെയിൻ മേഖലകളിൽ പട്ടയ വിതരണം പൂർത്തിയാക്കാത്തത് ആശങ്കയുളവാക്കുന്നുണ്ടെന്നതും പ്രതിനിധികൾ കുറ്റപ്പെടുത്തി. നെടുങ്കണ്ടം, മറയൂർ ഏരിയാകളിലെ പ്രതിനിധികളാണ് ചർച്ചയിൽ വിമർശനമുന്നയിച്ചത്.
വന്യജീവി പ്രശ്നത്തിൽ വനം വകുപ്പിനെതിരെയും വിമർശനമുണ്ടായി. പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ചയിലാണ് പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നത്. വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയത് കൊണ്ട് മാത്രം കാര്യമില്ല.
മനുഷ്യ ജീവന്റെ വില പത്തുലക്ഷം രൂപയല്ലെന്നും പ്രതിനിധികൾ പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ച നാളെയും തുടരും.