ഇത് മൂന്നാം ഊഴം; രാജ്യത്തിന്റെ വികസനത്തിനായി ഏറെക്കാലം താൻ ഉണ്ടാകും, വിരമിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി
Tuesday, February 4, 2025 7:58 PM IST
ന്യൂഡൽഹി: വിരമിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തന്റെ മൂന്നാം ഊഴമേ ആയിട്ടുള്ളുവെന്ന് മോദി പാർലമെന്റിൽ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനായി ഏറെക്കാലം താൻ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയിൽ മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും മോദി പറഞ്ഞു.
10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങൾക്കാണ് വീട് നൽകിയത്. 12 കോടി ശൗചാലയങ്ങൾ നിർമിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ജനത്തിന്റെ പണം ജനത്തിനാണ്. അതാണ് ഈ സർക്കാരിന്റെ നയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.