പോലീസ് ഓഫീസറെ ഗുണ്ട ചവിട്ടിക്കൊന്ന കേസ്; അന്വേഷണം തട്ടുകടക്കാരനിലേക്കും
Tuesday, February 4, 2025 7:37 PM IST
കോട്ടയം: പോലീസ് ഓഫീസറെ ഗുണ്ട ചവിട്ടിക്കൊന്ന കേസിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന. സംഭവത്തിനു പിന്നിൽ തട്ടുകടകാർ തമ്മിലുള്ള പ്രശ്നമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവം നടന്ന തട്ടുകടയുടെ ഉടമ സാലിയെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തന്റെ കടയുടെ സമീപത്ത് തട്ടുകട നടത്തുന്ന പ്രകാശ് ഗുണ്ടാസംഘത്തിൽപ്പെട്ട ജിബിനെ ഇങ്ങോട്ട് പറഞ്ഞുവിട്ടതാണെന്ന് സാലി പോലീസിനെ അറിയിച്ചു.
സാലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് കഴിഞ്ഞ ദിവസമാണ് ഗുണ്ടയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.
കേസിൽ അറസ്റ്റിലായ ജിബിൻ ജോർജിനെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തട്ടുകടയില്‍ ജിബിന്‍ പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി ശ്യാം പ്രസാദ് ഇവിടെ എത്തിയത്.
തുടർന്ന് ശ്യാം പ്രസാദിനെ ജിബിന്‍ കൈയേറ്റം ചെയ്തു. ഇതിനിടെ നിലത്തുവീണ ശ്യാം പ്രസാദിന്റെ നെഞ്ചില്‍ ഇയാള്‍ പല തവണ ചവിട്ടുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശ്യാം പ്രസാദ് മരിക്കുകയായിരുന്നു.