കുംഭമേളയ്ക്കിടെ 30 പേർ മരിച്ചത് വലിയ സംഭവമല്ല: ഹേമമാലിനി
Tuesday, February 4, 2025 6:40 PM IST
ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചത് വലിയ സംഭവമല്ലെന്ന് ബിജെപി എംപി ഹേമമാലിനി. ജനുവരി 29-ാം തീയതിയുണ്ടായ അപകടത്തിൽ 60 പേര്‍ക്ക് പരിക്കേറ്റിരുന്നു.
യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് അഖിലേഷ് യാദവാണ് വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതിനു മറുപടിയായിട്ടാണ് ഹേമമാലിനിയുടെ പ്രതികരണം. മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവച്ചു എന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം.
നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു അഖിലേഷ് വിമര്‍ശനം ഉന്നയിച്ചത്. തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു.
ഞങ്ങളും കുംഭമേള സന്ദര്‍ശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അത് അത്ര വലുതായിരുന്നില്ല. അഖിലേഷിന്റെ നേതൃത്വത്തിൽ സംഭവത്തെ പര്‍വതീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.