തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ പ്രതാപൻ തന്നെ മത്സരിക്കണം: കെ. മുരളീധരൻ
Tuesday, February 4, 2025 5:37 PM IST
തിരുവനന്തപുരം: തൃശൂരിൽ ബിജെപിയിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ ടി.എൻ. പ്രതാപൻ അവിടെ മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വസ്തുതകൾ മനസിലാകാതെ മത്സരിക്കാനിറങ്ങിയതാണ് താൻ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു.
താൻ ആരോടും പരാതി പറഞ്ഞിട്ടില്ല. ആരുടെയും തലയിൽ കുറ്റം ചാർത്താനില്ല. ഒരു റിപ്പോർട്ടിലും പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല. പുറത്ത് വന്ന റിപ്പോർട്ട് ശരിയായതാണോ എന്ന് അറിയില്ല. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തന്നെ ചതിച്ചതാണോയെന്ന് എല്ലാവർക്കും അറിയാം. തൃശൂർ തോൽവിയിൽ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
നടപടി ആവശ്യപ്പെടാൻ താൻ പരാതിക്കാരനല്ല. ഈ വിഷയത്തിൽ ഇനി പാർട്ടിക്ക് ഒരു പ്രശ്നം ഉണ്ടാക്കാൻ താൻ ഇല്ല. രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനങ്ങൾ ഉണ്ടാകും. പാർട്ടി വേദികള്‍ സ്തുതിക്കാൻ ഉള്ളതല്ല. യുഡിഎഫിന്റെ പരാജയത്തേക്കാൾ ബിജെപിയുടെ ജയമാണ് തൃശൂരിൽ സംഭവിച്ച പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.