ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചു; കനത്ത സുരക്ഷയൊരുക്കി പോലീസ്; പ്രദേശം ഡ്രോണ്‍ നിരീക്ഷണത്തില്‍
Tuesday, February 4, 2025 1:50 PM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചു. കൊലപാതകം നടന്ന പോത്തുണ്ടിയിലാണ് ഇയാളെ എത്തിച്ചത്. സംഘർഷസാധ്യത കണക്കിലെത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ കൊലപാതകം നടന്ന പോത്തുണ്ടിയിലെ വീട്ടില്‍ ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പോത്തുണ്ടി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മൂന്നൂറോളം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് പോലീസ് ഡ്രോണ്‍ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. നടന്ന സംഭവങ്ങള്‍ ഇയാള്‍ പോലീസിനോട് വിവരിച്ചു.
ചെന്താമരയുടെ വീട്, ഇയാള്‍ ഒളിവില്‍ കഴിഞ്ഞ മല എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. പ്രതി ചെന്താമരയെ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ബുധനാഴ്ച വൈകിട്ട് മൂന്ന് വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
പോത്തുണ്ടി സ്വദേശി സുധാകരൻ ഇയാളുടെ അമ്മ ലക്ഷ്മി(76) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇവരുടെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു.
2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.