പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവം; ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം
Tuesday, February 4, 2025 10:50 AM IST
കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവത്തില്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. സംഭവസമയത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
യുവതി ബഹളം ഉണ്ടാക്കുന്നതും ഒപ്പമുള്ളവര്‍ യുവതിയോട് ബഹളം ഉണ്ടാക്കരുതെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഒളിവിലുള്ള ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച അർധരാത്രിയോടെ യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അതിക്രമം. ഇതിനിടയില്‍ ഫോണില്‍ റെക്കോര്‍ഡായ ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.
മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ ലോഡ്ജ് ജീവനക്കാരിയായ യുവതിയുടെ ഇടുപ്പെല്ല് പൊട്ടിയിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.