കെഎസ്ആർടിസിയിലെ പണിമുടക്ക് ആരംഭിച്ചു; നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചു
Tuesday, February 4, 2025 6:34 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി 12വരെയാണ് പണിമുടക്ക്. കൃത്യമായ ശമ്പള, പെൻഷൻ വിതരണം ഉൾപ്പടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചു.
പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.
എല്ലാ മാസവും അഞ്ചിനു മുന്‍പ് നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശന്പളം നൽകുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്റെ പ്രധാന കാരണമെന്നും ടിഡിഎഫ് നേതാക്കൾ പറഞ്ഞു.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കായി പ്രഖ്യാപിച്ച സമരം ഡയസ്നോണ്‍ പ്രഖ്യാപിച്ച് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും സമാധാനപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തന്പാനൂർ രവി, വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ എന്നിവർ അറിയിച്ചു.