മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ മറാത്തി സംസാരിക്കുന്നത് നിർബന്ധമാക്കി
Tuesday, February 4, 2025 5:50 AM IST
മുംബൈ: സർക്കാർ ഓഫീസുകളിൽ മറാത്തി ഭാഷ ഉപയോഗിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച പ്രമേയം പുറത്തിറക്കി.
പ്രമേയമനുസരിച്ച് സർക്കാർ ഓഫീസുകൾ, അർദ്ധ സർക്കാർ ഓഫീസുകൾ, മഹാരാഷ്ട്ര സർക്കാരിന് കീഴിലുള്ള കോർപ്പറേഷനുകൾ, മറ്റ് സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഓഫീസുകളിൽ മറാത്തി ഭാഷ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകരും ഒഴികെയുള്ള എല്ലാ സന്ദർശകരോടും മറാത്തി സംസാരിക്കാനാണ് സർക്കാർ പ്രമേയം.
ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ഈ നിയമം ലംഘിക്കുകയാണെങ്കിൽ, ആവശ്യമായ നടപടികൾക്കായി ഓഫീസിന്റെയോ വകുപ്പിന്റെയോ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകാവുന്നതാണ്.
ഇത് ഔദ്യോഗിക അച്ചടക്ക ലംഘനമായി കണക്കാക്കും. നിയമലംഘകനെതിരെ സ്വീകരിച്ച നടപടിയിൽ പരാതിക്കാർ തൃപ്തരല്ലെങ്കിൽ മഹാരാഷ്ട്ര നിയമസഭയുടെ മറാത്തി ഭാഷാ സമിതിക്ക് മുമ്പാകെയും അപ്പീൽ നൽകാം.