ബജറ്റ് അവഗണന; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി
Monday, February 3, 2025 9:45 PM IST
കണ്ണൂർ: കേന്ദ്ര ബജറ്റിൽ കേരളത്തിനുണ്ടായത് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ എല്ലാത്തിലും പൂർണ അവഗണനയാണ് നേരിടുന്നത്. എയിംസ് ഇതുവരെ നൽകിയില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും നൽകിയില്ല. വയനാടിന്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല.
കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിന്. വന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ല. എന്തും കേരളത്തോട് ആകാമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര ബജറ്റിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.