പ്രായപരിധി; പിണറായിക്ക് ഇളവു നല്കുന്നതില് തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍: പ്രകാശ് കാരാട്ട്
Monday, February 3, 2025 8:24 PM IST
ന്യൂഡല്‍ഹി: പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസിൽ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്.
മധുരയിൽ ചേരുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയാണ് പ്രകാശ് കാരാട്ട് നിലപാട് വ്യക്തമാക്കിയത്. 75 കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയായതിനാലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള നടപടികളും പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ നിർദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയെ നേരിടുന്നതിൽ സിപിഎമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.
ഇന്ത്യാ സഖ്യവുമായി പാർലമെന്റിന് അകത്തും പുറത്തും സഹകരണം തുടരും. എന്നാൽ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.