വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവം: മുഖ്യപ്രതി വിദേശത്ത്; കുറ്റപത്രം വൈകുന്നു
മരിച്ച ആൽവിൻ (വലത്)
Monday, February 3, 2025 7:42 PM IST
കോഴിക്കോട്: പരസ്യ വീഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇയാളെ ചോദ്യം ചെയ്തതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇയാളെ പ്രതി ചേര്‍ത്ത് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്താനെടുത്ത കാലതാമസമാണ് കുറ്റപത്രം വൈകുന്നതിന് ഇടയാക്കിത്.
രജിസ്ട്രേഷനും ഇന്ഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞ ഡിസംബറിലാണ് വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പോലീസ് കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു.
ഹൈദരാബാദ് സ്വദേശി അശ്വിന് ജെയിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാല്‍ ഈ കാര്‍ ഡല്‍ഹിയിലെ കമ്പനിക്ക് വിറ്റു. ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് നൗഫല്‍ കാര്‍ വാങ്ങിയത്.
മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ആല്വിന് ഗള്‍ഫില്‍നിന്ന് നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.