ധനകാര്യകമ്മീഷനെ സമീപിക്കാനാണ് പറഞ്ഞത്; വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ജോർജ് കുര്യൻ
Monday, February 3, 2025 5:33 PM IST
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യത്തിലും പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തിന് അനുമതി നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും വയനാട് ദുരന്തമുണ്ടായപ്പോള്‍ തന്നോട് അവിടെയെത്താൻ ആദ്യം പറഞ്ഞത് അദ്ദേഹമാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം തരാമെന്ന് ജോർജ് കുര്യൻ പറഞ്ഞത് വിവാദമായിരുന്നു.