റെയിൽവേ വികസനം; കേരളത്തിന് 3042 കോടി: അശ്വിനി വൈഷ്ണവ്
Monday, February 3, 2025 5:14 PM IST
ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നമോ ഭാരത് ട്രെയിനുകൾ നൂറു കിലോമീറ്റർ ദൂരപരിധിയിലാണ് സർവീസ് നടത്തുന്നത്. റെയിൽവേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റെയിൽവേയ്ക്കായി നീക്കിവച്ചത്.
കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയിൽ പാതയുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.