വെഞ്ഞാറമൂട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; ചിലര്‍ ശല്യപ്പെടുത്തിയിരുന്നെന്ന് കുടുംബം
Monday, February 3, 2025 4:30 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32) ആണ് മരിച്ചത്.
പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി സഹോദരന് പ്രവീണ്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.
സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായെന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരന് ആരോപിച്ചു. മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നു സഹോദരിയെന്നും മൊബൈല്‍ ഫോണില്‍ ഒരാള്‍ മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും സഹോദരന് പറയുന്നു.
കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരന് ആരോപിച്ചു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.