കൈവിരലിന് പരിക്ക്: സഞ്ജുവിന് ആറാഴ്ച വിശ്രമം, രഞ്ജി മത്സരം നഷ്ടമായേക്കും
Monday, February 3, 2025 3:53 PM IST
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറാഴ്ചത്തെ വിശ്രമം അനുവദിച്ചു.
പേസർ ജോഫ്ര ആർച്ചറെ നേരിടുന്നതിനിടെയാണ് സഞ്ജുവിന് കൈവിരലിനു പരിക്കേറ്റത്. പിന്നാലെ ഇന്ത്യൻ ടീം ഫിസിയോ ഗ്രൗണ്ടിലേക്ക് എത്തുകയും സഞ്ജുവിന് ശുശ്രൂഷ നൽകുകയും ചെയ്തു. പിന്നീട് വിരലില്‍ ബാന്‍ഡേജ് ചുറ്റി ബാറ്റിംഗ് പുനരാരംഭിച്ച സഞ്ജു അടുത്ത ഓവറില്‍ പുറത്താവുകയും ചെയ്തു.
താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് പുതിയ വിവരം. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്വാർട്ടർ മത്സരം താരത്തിനു നഷ്ടമാകും.
പിന്നീട് ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോൾ സഞ്ജുവിന് പകരം, ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. ഇത് താരത്തിന്റെ പരിക്ക് സംബന്ധിച്ച് ചർച്ചകൾക്കിടയാക്കിയിരുന്നു. സഞ്ജുവിന് അടുത്ത ഐപിഎൽ സീസൺ നഷ്ടമാകുമോ എന്നും ആശങ്കയുയർന്നിരുന്നു.