രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ മോദി സർക്കാരിന് കഴിഞ്ഞില്ല: രാഹുൽ ഗാന്ധി
Monday, February 3, 2025 3:30 PM IST
ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്കുന്ന ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത് യുവാക്കളാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോദി സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
യുപിഎ സര്‍ക്കാരിനോ എന്‍ഡിഎ സര്‍ക്കാരിനോ ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാനായില്ല. മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയം മുന്നോട്ടുവച്ചിട്ടും ജിഡിപിയുടെ ഉൽപ്പാദന വിഹിതം 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാഹുൽ പറഞ്ഞു.
ഉല്പാദനമേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാർ പരാജയപ്പെട്ടു. ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ പത്ത് വര്‍ഷം മുന്നിലാണ്.
ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്വെയര് ഡെവലപ്മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുകയാണ്. ഡാറ്റയെ ആശ്രയിച്ചാണ് എഐ മുന്നോട്ടു പോകുന്നത്. നമ്മുടെ ഡാറ്റകള്‍ സൂക്ഷിക്കുന്നത് വിദേശകമ്പനികളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ജാതി സെൻസസ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെലുങ്കാനയിൽ തങ്ങൾ ജാതി സർവേ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം 90 ശതമാനം ദളിതരും ഗോത്രവർഗക്കാരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമാണെന്ന് കണ്ടെത്തിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം രാജ്യസുരക്ഷയെക്കുറിച്ച് രാഹുല്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ഭരണപക്ഷം ആരോപിച്ചു. രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണപക്ഷം ശ്രമം നടത്തി.