മുൻ നഴ്സിംഗ് അസിസ്റ്റന്റിന്റെ മരണം: പോസ്റ്റ്മോര്ട്ടം പൂർത്തിയായി; മൃതദേഹം വീണ്ടും സംസ്കരിച്ചു
Monday, February 3, 2025 3:29 PM IST
തിരുവനന്തപുരം: പാറശാലയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നഴ്സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ പോസ്റ്റ്മോര്ട്ടം പൂർത്തിയായി. നടപടികൾക്കു ശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്.
അതേസമയം ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താനായില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനുവച്ചപുരം സ്വദേശിനി സെലിനാമ്മയെ ജനുവരി 17നാണ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായിക്കാൻ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18ന് സംസ്കാരവും നടത്തിയിരുന്നു.
എന്നാൽ സെലീനാമ്മയുടെ ബാഗിൽ നിന്ന് അഞ്ച് പവന്റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാറശാല പോലീസിൽ പരാതി നൽകി. ഇതോടെയാണ് കളക്ടറുടെ അനുമതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.