സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല കേരളത്തിലേക്ക് വന്നത്; സതീശന്റെ ആരോപണം തള്ളി ഒയാസിസ് കമ്പനി
Monday, February 3, 2025 2:52 PM IST
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം തള്ളി ഒയാസിസ് കമ്പനി. സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല കേരളത്തില്‍ കമ്പനി തുടങ്ങാന്‍ എത്തിയതെന്ന് ഒയാസിസിന്റെ പ്രതിനിധി പ്രതികരിച്ചു.
എഥനോള്‍ നിര്‍മാണ കമ്പനി തുടങ്ങാനാണ് കേരളത്തിലേക്ക് വന്നത്. വെള്ളത്തിനായി വാട്ടര്‍ അഥോറിറ്റിക്ക് അപേക്ഷ നല്കിയപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ട സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുമ്പോഴാണ് പുതിയ മദ്യനയം വരുന്നത്.
പുതിയ മദ്യനയം ഒരു പൊതു രേഖയാണ്, രഹസ്യരേഖയല്ല. അതുകൊണ്ട് നയം മാറ്റിയത് ഒരു കമ്പനി മാത്രം എങ്ങനെ അറിഞ്ഞെന്ന ആരോപണത്തില്‍ കഴമ്പമില്ലെന്നും കന്പനി വ്യക്തമാക്കി.
ഒയാസിസ് കമ്പനിയെ സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയതാണെന്നായിരുന്നു സതീശന്റെ ആരോപണം. എഒസി അംഗീകാരം കൊടുത്തതിന്റെ പേരിലാണ് തങ്ങള്‍ കമ്പനിക്ക് അംഗീകാരം കൊടുത്തതെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതിക്ക് വാട്ടര്‍ അതോറിറ്റിയുടെ ജലം വേണമെന്നത് വ്യക്തമാണെന്നും സതീശൻ പറഞ്ഞിരുന്നു.